Monday, September 25, 2023

ആനച്ചാൽ ഒരു താത്വിക അവലോകനം

 ആനച്ചാൽ ഒരു താത്വിക അവലോകനം...

ആറുമണിക്കുള്ള സ്ഥിരം അലാറത്തിന് കാത്തുനിൽക്കാതെ ഒരല്പം നേരത്തേ തന്നെ ഉറക്കമുണർന്നു. 

മഴ ഇന്നലെ ഉറങ്ങിയേ ഇല്ലെന്നു തോന്നും വിധം തകർത്തു പെയ്തുകൊണ്ടേയിരുന്നു... 

കൃത്യം 7.30 മണിയ്ക്ക് എന്ന സമയം പാലിയ്ക്കാൻ വേണ്ടി ജനലിൽ കൂടി തലയിട്ട് റെഡി ആണ് എന്ന് ഉറപ്പിച്ചു @⁨~Mathew⁩ ചേട്ടൻ കണ്ടും ബോധിച്ചു. 

മഴയെന്തോ വാശിപിടിച്ചപോലെ നിർത്താതെ കരയുന്നു. ഇതിനിടയിലും മൂവാറ്റുപുഴയിലെ ഇഡ്ഡ്ലി ഷോപ്പിലെ ചൂടുള്ള ഇഡ്ഡ്ലി ബ്രേക്ഫാസ്റ്റ് എന്ന @⁨Aster Praveen⁩ ചേട്ടന്റെ ചൂടൻ ഡയലോഗ് എല്ലാരിലും മഴയുടെ തണുപ്പ് കുറച്ചു. 

രണ്ട് കാറിലുമായി പറഞ്ഞതിൽ നിന്നും ഒരല്പം വൈകി യാത്ര ആരംഭിച്ചപ്പോൾ തന്നെ പഴയ സ്കൂൾ/കോളേജ്‌ യാത്രകൾ തുടങ്ങുമ്പോഴുള്ള വികൃതി കുട്ടികൾ ആയി തുടങ്ങി. 

ഞങ്ങൾ ആറു പേർ @⁨Aster Saigil Cherian⁩ @⁨Aster Nishanth⁩ @⁨~Mathew⁩ @⁨~P Jayakrishnan⁩ @⁨Aster Praveen⁩ ഒരു വണ്ടിയിൽ യാത്ര തുടങ്ങി. തുടക്കത്തിൽ @⁨~Anil Kumar⁩ ഏട്ടനെ പിക്ക് ചെയ്ത് മുന്നിലത്തെ വണ്ടിയിലെ പയ്യൻസ്മാരായ @⁨Aster Jacob⁩ @⁨~AJAYA⁩ @⁨Aster Sageesh⁩ @⁨Udaya Kumar⁩ ഒത്തുചേർന്നതോടെ പരിപാടികൾ ഉഷാറായി, ഇഡ്ഡ്ലികടെയെന്ന പ്ലാനിങ്ങിൽ ചെറിയൊരു മാറ്റം വരുത്തി സാമിയുടെ വടകടയിലേയ്ക്ക്...

മഴയുടെ വ്യാപ്തി കൂടുന്നതല്ലാതെ ഒരിഞ്ചുപോലും വിട്ടുതരുന്നില്ല... ഞങ്ങളും... അപ്പോഴേ ചെറിയ തോതിലുള്ള ബാക് ബെഞ്ച് കലാപരിപാടികൾ തുടക്കമിട്ട് ഞങ്ങളുടെ വരവറിയിച്ചു. ഇഡ്ഡ്ലി, ദോശകൾ, മൊരിഞ്ഞ ഉഴുന്നുവട, ചൂട് ചായ, മഴ എന്നിവയുടെ അകമ്പടിയോടെ ബ്രേക്ഫാസ്റ്റ് തകർത്തു.

മഴയുടെ വാശി വീണ്ടും കൂടി വരുന്നു... ഞങ്ങളും മുന്നോട്ട് തന്നെ 💪🏻

മഴയുടെ നീളവും യാത്രയുടെ നീളവും തമ്മിലുള്ള മത്സരമാണ് പിന്നങ്ങോട്ട് നടന്നത്. മുവാറ്റുപുഴവഴി കോതമംഗലം കടന്ന് നേര്യമംഗലം പാലം കയറി അടിമാലി വഴി ഒരുപാട് യാത്രകൾ പോയിട്ടുണ്ടെങ്കിലും ആ വഴികൾക്കൊക്കെ മഴയിൽ കുതിർന്ന ഇത്രയും ഭംഗി കാണുന്നത് ആദ്യമായാണ്. 

ഹൈറേജിന്റെ തുടക്കത്തിൽ തന്നെ നമ്മുടെ റേഞ്ച് കാണിക്കണമെന്ന് പൊതുവായ അഭിപ്രായം രൂപപ്പെട്ടു, ഇതിനടയിൽ അതിനുള്ള സന്നാഹങ്ങളും റെഡിയായി, മുഖ്യ പങ്കുവഹിച്ച ക്രാൻബെറി ജ്യൂസിന് പ്രെതെയ്ക നന്ദി പറയേണ്ടി വരും ഒപ്പം ഉപ്പിൽ കുതിർന്ന നെല്ലിയ്ക്കയ്ക്കും എരി വറ്റാത്ത കാന്താരിയ്ക്കും.

കിലോമീറ്ററുകൾക്ക് നീളകൂടിയതാണോ അതോ നമുക്ക് വേഗം കുറഞ്ഞതാണോ? രണ്ടായാലും ഒരല്പം വേഗത കുറഞ്ഞു തന്നെയാണ് യാത്ര... മഴയും മോശമല്ല, എന്തോ ഒരാർത്തി പൊലെ നീണ്ടുപോയ്ക്കൊണ്ടേയിരുന്നു. 

ഇടയ്ക്കുള്ള മൂത്രമൊഴിപ്പിന്റെ എണ്ണം കൂട്ടാൻ ഇരുകാറുകളിലും ഉള്ളവർ എപ്പൊഴും തിരക്കുകൂട്ടി, എപ്പൊഴും നേരിൽ കണ്ടു മിണ്ടിയില്ലെങ്കിൽ എന്തോ ഒരിത്, കാണുന്നു...മിണ്ടുന്നു...കൂട്ടിമുട്ടിയ്ക്കുന്നു ....അത് വീണ്ടും അവർത്തിയ്ക്കുന്നു... കൂടെ മലയാള ഭാഷ പണ്ഡിതന്മാരെയും കവികളെയും പ്രിയ ഗാനരചനാ കൃത്തുക്കളെയും മനസ്സിൽ ഓർത്തുകൊണ്ടുള്ള ഗാനശകലങ്ങൾ ഇരുകാറുകളിലും പാട്ടുമത്സരങ്ങളെക്കാൾ ഉച്ചത്തിൽ പാടി തിമിർത്തുകൊണ്ടേയിരുന്നു...ഇപ്പോഴും ഞിങ്ങളുടെ ആ ഓർമകളുടെ മുന്നിൽ തലക്കൂപ്പി നല്ല നമസ്കാരം @⁨Udaya Kumar⁩ ചേട്ടാ, @⁨Aster Praveen⁩ ചേട്ടാ @⁨~Anil Kumar⁩ ചേട്ടാ...അത് നിർബാധം തുടർന്നു. ഇതിനിടെയിൽ പച്ചയായ മനുഷ്യനായിരുന്ന @⁨Aster Praveen⁩ചേട്ടനെയും പഴുപ്പിച്ചു സ്റ്റിയറിംഗ് സീറ്റ്‌ @⁨~P Jayakrishnan⁩ ചേട്ടന് കൈമാറി കയറ്റം കയറി തുടങ്ങി. കാടുകൾ വന്ന്, കാറ്റുകൾ വന്നൂ, കോടയിറങ്ങി, വെള്ളച്ചാട്ടങ്ങൾ മാടി വിളിച്ചു ആരും പോയില്ല... ഒരേ ഒരു ലക്ഷ്യം ആനച്ചാൽ....

ഉച്ചയുടെ കടുപ്പ വെയിലില്ലാതെ ഒരു ചെറു മഴച്ചാറ്റലിൽ ഞങ്ങൾ ആനച്ചാൽ കയറി എത്തേണ്ടിടത്‌ എത്തി... എല്ലാവരും സ്ഥലത്തെ ഒന്ന് നോക്കിക്കണ്ടു, പരിചയം സ്ഥാപിച്ചെടുത്തു... പരിപാടികൾ തുടരവേ ഉച്ചയ്ക്ക് ആഹാരം കഴിക്കണ്ടേ എന്നൊരു ഓർമപ്പെടുത്തൽ ആരോ ഉച്ചത്തിൽ പറഞ്ഞു. വിശപ്പ് അറിഞ്ഞു തുടങ്ങിയതേ ഉള്ളു, ലക്ഷ്യം അങ്ങോട്ടായി, നല്ലതായിരിക്കണേ എന്നുള്ള പ്രാർത്ഥനയും. 

ലൂക്കിലല്ല വർക്കിലാണ് കാര്യം എന്നത് സത്യമാകും വിധം വളരെ മികച്ച ഒരിത് ആയിരുന്നു ലഞ്ച് മൊത്തത്തിൽ കൊളോക്കലി  പറഞ്ഞാൽ... നല്ല കറികൾ, ഫ്രഷ് മത്സ്യം, നല്ല ബീഫ് ഫ്രൈ, ഓംലെറ്റ് എല്ലാം ഒന്നിനൊന്നു മെച്ചം. നല്ലൊരു ഹോംലി മീൽ, മോരും രസവും കൂട്ടി അവസാനിപ്പിച്ച ശേഷം മുറികളിലേക്ക്...

പവർ  നാപ്പ്‌ എടുത്താലേ പവർ വരൂ  എന്ന് ഒരഭിപ്രായം മൊത്തത്തിൽ വന്നൂ. എന്നാൽ പിന്നെ ഒരു മണിക്കൂർ ഉറക്കം എന്നത് ഒരൊന്നന്നര ഉറക്കമായി പോയി, ഇതിനിടെയിൽ ഞങ്ങൾ എല്ലാവരും ഇപ്പൊ വരും എന്ന് കാത്തിരുന്ന നമ്മുടെ പ്രിയ @⁨Aster Ajith⁩ അണ്ണൻ  വന്നുചേർന്നു വന്നപ്പോഴേ ആ എനർജി എല്ലാവരിലേക്കും പടർന്നു. ചായ വന്നപ്പോൾ മഴയുടെ ശക്തിയും കുറഞ്ഞു വന്നൂ, ആ ചെറുതണുപ്പിൽ ഒരു കട്ടൻ ഊതി കുടിച്ചു നിന്നപ്പോൾ ട്രെക്കിങ്ങ് റെഡി ആണെന്നുള്ള അറിയിപ്പും എത്തി. രണ്ടു വണ്ടികളിലായി കാട്ടുവഴികളിലൂടെ ഇടതൂർന്ന ചെറുവഴികളിലൂടെ യാത്ര നീണ്ടു, പലയിടങ്ങളിയായി നിർത്തി കാഴ്ച കണ്ടു കഥ പറഞ്ഞു സ്നേഹം നുകർന്നു. പൊന്മുടി ഡാമും, പന്ന്യർകുട്ടി വെള്ളച്ചാട്ടവും കാഴ്ചകളിൽ മുന്നിൽ നിന്നു. ഡാം ഒരല്പം അധികം കൗതുകം സൗന്ദര്യം സുഖം എല്ലാം തന്നു നിന്നു കണ്ടു കൂട്ടുകൂടി... തൂക്കുപാലം രാത്രിയിൽ കണ്ടു ഒട്ടും വെളിച്ചമില്ലാതെ, അതുമൊരു അനുഭവമായി... തിരിച്ചുള്ള യാത്ര പോകാൻ കയറിയ വണ്ടികളിൽ നിന്നും അസ്സൽ ബാച്ചിലർ നികണ്ടുകളിൽ മികച്ച വാക്കുകൾ നീട്ടിയ സ്വരത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു, അവിടുത്തെ ഇരുട്ടിലും ഇരുണ്ട കാടുകളിലും അതെല്ലാം ലയിച്ചു ചേർന്നു. 

തിരികെയെത്തുമ്പോൾ മഴയ്‌ക്കൊരു നേരിയ ശമനം ഉണ്ടായിട്ടിട്ടുണ്ട്, ക്യാമ്പ് ഫൈറിനും, ഗ്രില്ലിങ്ങിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു.. രാത്രിയുടെ വന്യതയിലേയ്ക്ക് തീ പകർന്നതോടെ ഇരുട്ടിൽ നിന്നും മഴയുടെ തണുപ്പിൽ നിന്നും മോചനം ലഭിച്ചുതുടങ്ങി... അത് ഒരിക്കൽ പോലും കേട്ടില്ല അടങ്ങിയില്ല ഒരടി പോലും ഞങ്ങളും പുറകോട്ട് പോയില്ല, ഉള്ളിലേ കലാകാരൻമാർ പകർന്നാടി...പാട്ടുപാടി...കൂടെപ്പാടി...കൂടിയാടി...ഒത്തുചേർന്നു മത്സരിച്ചു. രാത്രി നീണ്ടു, കുറച്ചുപേർ നടന്നു, കുറച്ചുപേർ അവിടെയിരുന്നു. ചിലർ വീണ്ടും തിരിച്ചുവന്നു വീണ്ടും കൂടി കൂട്ടിമുട്ടിച്ചു... ഉറക്കം വിളിച്ചു ഞങ്ങളും കൂടെ പോയി.. കിടന്നുറങ്ങി, നല്ലയുറക്കം....

രാവിലെ എണീറ്റുവന്നവർ ആദ്യം പറഞ്ഞത് ഇന്ന് കൂടി നിൽകാം നാളെ രാവിലെ പോയാലോ?എന്നായിരുന്നു... അത്രമാത്രം അനുഭവങ്ങൾ കിട്ടിയിരുന്നു, എല്ലാവർക്കും അതായിരുന്നു പൊതുവിൽ അഭിപ്രായം... പിന്നങ്ങോട്ട് വളരെ വേഗത്തിലായി കാര്യങ്ങൾ കുളികൾ കൂടലുകൾ പാട്ടുപാടൽ നിഖണ്ടു പാടി തീർക്കൽ കഥപറച്ചിൽ  എല്ലാത്തിനും വേഗം കൂടി... ഇതിനിടെയിൽ ബാഗുകൾ നിറഞ്ഞു, പോകാനുള്ള വണ്ടികൾ റെഡി ആയി. തൽകാലം ആനച്ചാലിനോട് വിടപറയുന്ന ആ നിമിഷം വന്നെത്തി. ഇനിയും വരും ഇതിനേക്കാൾ നല്ലൊരു മഴയുമായി അപ്പോഴും ഇവിടെ എത്തുമ്പോൾ മഴയില്ലാത്ത സ്വീകരിക്കാൻ ആനച്ചാലും അടിമാലിയും തയ്യാറാവും എന്ന ഉറപ്പോടെ...

യാത്രകൾക്ക് ഓർമകളുടെ മലകയറ്റമാണ്, ഗൃഹാതരത്വത്തിന്റെ മഴവെള്ളപാച്ചിലാണ്, സ്നേഹത്തിന്റെ വന്യതയാണ്, സൗഹൃദത്തിന്റെ കരുതലുകളാണ്...

ഇനിയും നീളട്ടെ നീളമുള്ള യാത്രകൾ, സൗഹൃദത്തിന്റെ സൗന്ദര്യങ്ങൾ, ഓർമകളുടെ പുസ്തകത്താളുകൾ...

നല്ല നമസ്കാരം 🙏


വാൽക്കഷ്ണം : യാത്രയിൽ ഉടനീളം പാടി കേട്ട പാണന്റെ ശ്രുതികളും ഈണങ്ങളും പച്ചയ്ക്കു പറയാഞ്ഞതിൽ ഖേദിയ്ക്കിരുന്നു...😀


Friday, January 20, 2023

ശാസ്ത്രമേള



ശാസ്ത്രമേള 

നമ്മുടെ ശാസ്ത്ര ഗണിത മേള ഓര്മയുണ്ടോ എല്ലാപേർക്കും ? ഞങ്ങളുടെ ബാച്ചിയിരുന്നു സ്റ്റിൽ ഇൻസ്റ്റലേഷനും മോഡൽ കമ്മ്യൂണിറ്റിയുമൊക്കെ സമ്മാനം കിട്ടിയത്... അതിനു വേണ്ടി സ്കൂളിൽ നിന്ന് ചാടിയത് ദിവസങ്ങൾ 


അനീഷ് മാങ്ങോട് ആയിരുന്നു നമ്മുടെ ലീഡ് അവന്റെ ഏറുമാടത്തിൽ ഇരുന്നുള്ള ചർച്ച, വളർത്തു മൃഗ പക്ഷി കളുടെ നീണ്ട നിര, വീട്ടിലെ ഓട്ടോമാറ്റിക് കളർ ലൈറ്റുകളുടെ കൗതുകങ്ങൾ എല്ലാമായിരുന്നു നമ്മുടെ കാഴ്ചകൾ.


അവന്റെ കഴിവ് അപാരമായിരുന്നു എന്തും ചോദിച്ചാൽ ഐറ്റം റെഡി ആണ്, പിന്നെ @⁨Sajeev⁩ @⁨Pradheesh⁩ @⁨Rajath Irinchayam⁩@⁨Rathish K P S⁩ ശ്രീലത, സിന്ധു തുടങ്ങിയവരുടെ മാസ്റ്റർ മൈൻഡ് ഏകോപനം എല്ലാം നമ്മുടെ എസ്‌സിബിഷൻ പൊളിയാക്കി.


എന്റെ മോഡൽ ഗ്രാമം, ന്യൂട്ടന്റെ വര്ണപമ്പരം, മണലിൽ കുഴിച്ചിട്ട ബൾബ് പ്രകാശിക്കുന്നത്, സംസാരിക്കുന്ന തലയോട്ടി, മാതൃക സ്കൂൾ, രസതന്ത്രവും ഊർജ തന്ത്രം ജീവശാത്രം മോഡലുകൾ അങ്ങനെ ഒരുപാടു കാഴ്ചകൾ....


എന്തായാലും നമ്മുടെ സ്കൂൾ ഡിസ്ട്രിക് ലെവൽ മേളയിൽ ആറ്റിങ്ങൽ സ്കൂളിൽ പങ്കടുത്തു ഞാനും ഉണ്ടായിരുന്നു ആ ടീമിൽ ആദ്യമായി സ്കൂളിൽ നിന്നും ദൂരെ ഉള്ള ഒരിടത്തേക്ക്... 


പട്ടണത്തിലെ വലിയ സ്കൂളുകളോടും പണക്കാരായ കുട്ടികളുടെ മോഡലുകളോടുമൊക്കെ നമ്മളും പടപൊരുതി നല്ല അഭിപ്രായവും കിട്ടി ചന്ദ്ര സാർ നമ്മളോട് ഇത്രയും ഇടപഴകുന്നത് അന്നൊക്കെയാണ് അതുപോലെ തുൽസി ധരൻ സിർ ഇത്രയും നല്ല മനുഷ്യൻ ആയിരുന്നു എന്നൊക്കെ അന്നാ മനസിലാകുന്നത്...


പക്ഷേ പണ്ടേ ഉള്ള കുത്തകകളുടെ സ്ഥിരം കടന്നുകയറ്റവും ഗവണ്മെന്റ് സ്കൂളുകളോടുള്ള വിവേചനവുമൊക്കെ അന്നും തുടർന്നിരുന്നു... എന്തായാലും രണ്ടു ഐറ്റത്തിന് A ഗ്രേഡും ഒന്നിന് B ഗ്രേഡും കിട്ടി 


ദേ... വന്നിരിക്കുന്നു നിന്റെ മോൻ എന്നാ സ്ഥിരം ഡയലോഗിൽ ഞങ്ങളും അലിഞ്ഞു ചേർന്നു.


ഒരുപാട് നീളുന്നു ഷെമിക്കണം 


നന്ദി നമസ്കാരം 🙏

സിനിമാത്ഭുതം


 “നിധിക്കുന്നിലെ സിനിമ”


നാളെയാണ് സിനിമാ പ്രദർശനം രണ്ടു രൂപ വച്ച് കൊടുത്ത അഹങ്കാരത്തിൽ കൂപ്പനേം കെട്ടിപിടിച്ചു രാത്രി പെട്ടെന്ന് വെളുപ്പിച്ചു...


ഓഡിറ്റോറിയത്തിനടുത്തുള്ള മൂന്നു ക്ലാസുകൾ തട്ടികൾ മാറ്റിയാൽ വലിയ ഹാൾ ആയി, അവിടെയാണ് സിനിമാ പുര. തറയിൽ പായ പോലും വിരിക്കാതെ കുത്തിരിയ്ക്കണം ഒരു മൂന്നു മണിക്കൂർ, സിനിമാ എന്നാ അതിശയത്തെ ഇത്ര അടുത്ത് കണ്ടത്, പ്രോജെക്ടറും, വെളുത്ത തുണികൊണ്ടുള്ള സ്‌ക്രീനുമൊക്കെ നമ്മുടെ മുന്നിലൂടെ ശെരിയാക്കുമ്പോൾ എന്തായിരുന്നു ആവേശം.  


ദിവസത്തിൽ രണ്ടോ മൂന്നോ പ്രദർശനം ആൺകുട്ടികളും പെൺകുട്ടികളും കറുപ്പും വെള്ള യൂണിഫോമും ഇട്ടു കാണാൻ റെഡി ആയി വരിയിലേക്ക്. ചുമന്ന കൂപ്പൺ കൊടുത്തിട്ടു മുന്നിൽ സീറ്റ്‌ പിടിക്കാനുള്ള ഓട്ടം. സിനിമാ കാണുന്നെങ്കിൽ ഫ്രണ്ടിൽ ഇരുന്നു കാണണം എന്തായാലും നമ്മള് കണ്ടിട്ടല്ലേ പുറകിലുള്ളവർ കാണു... അതാണ് അതിന്റെ ഒരിത്...


ഭൂമിയിലെ രാജാക്കന്മാർ, ഇരുപതാം നൂറ്റാണ്ട്‌, പടയോട്ടം തുടങ്ങിയവ വലിയ സ്‌ക്രീനിൽ കാണുമ്പോൾ അറിയാതെ കയ്യടിച്ച വിസിലടിച്ച നിഷ്കളങ്കത ഇന്നൊരു മുൾട്ടിപ്ളെക്സിൽ പോയാലും കിട്ടില്ല...മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ വളരെ അടുത്ത് വലിയ മുഖങ്ങളോടെ കണ്ടപ്പോൾ നമ്മുടെയൊക്കെ ആരോ ആണെന്ന് അന്നേ മനസിലെഴുതി. ഹാളിൽ ചൂടുകാരണം വിയർത്തപ്പോഴും ഇന്റർവെൽ ഇല്ലാതെ അടുത്ത ഭാഗം കാണിച്ചപ്പോഴുമൊക്കെ ഒരു മടുപ്പുമില്ലാതെ നമ്മളൊന്നിച്ചിരുന്നു കണ്ടു തീർത്തു....


ഇപ്പൊ മൊത്തത്തിൽ ഒരു ആയിരം രൂപയുടെ പാക്കേജിൽ ഒരു സിനിമാ കാണാൻ പോകുമ്പോൾ, വെറുതെ പോപ്കോണും കൊറിച്ചു അത് പോലും സൗണ്ട് കേൾപ്പിക്കാതെ മസിലുപിടിച്ചു ചിരിവന്നാലും ചിരിക്കാതെ സിനിമയിലേക്കാൾ അഭിനയം കാണുന്ന നമ്മൾ കാണിച്ചു കണ്ടു തീർക്കുന്നു. 


അതായിരുന്നു സിനിമാ കാഴ്ച, അങ്ങനെ കണ്ട നമ്മുടെ പ്രിയപെട്ടവരെല്ലാം ഇന്നും പ്രിയപ്പെട്ടവർ തന്നെ... ഇപ്പൊ അത് ചെറിയ സ്‌ക്രീനിൽ നെറ്ഫ്ളിക്സും, ആമസോൺ പ്രൈമും ഒക്കെ ഏറ്റെടുക്കുമ്പോൾ പ്രിയപെട്ടവരെല്ലാം എത്രയോ അകലെ പോയി എന്നൊരു 

തോന്നൽ.


നമ്മൾ കണ്ട കാഴ്ചകൾക്ക് വിവരിക്കാൻ പറ്റാത്ത ഭംഗി ആയിരുന്നു, ശ്വസിച്ചതെല്ലാം നമ്മുടെ ശ്വാസങ്ങൾ ആയിരുന്നു, കുളിർമയെല്ലാം മനസ്സിലായിരുന്നു 


നന്ദി നമസ്കാരം 🙏


നൂൽ സഞ്ചി

നൂൽസഞ്ചി 

 ഇവിടെ എത്രപേർക്ക് സഞ്ചി ഉണ്ടായിരുന്നു, നല്ല നൂല് കൊണ്ടുള്ള സഞ്ചി.


ചോറ് കൊണ്ട് പോകുന്ന ദിവസങ്ങളിൽ അതിലെ കറിയോ എണ്ണയോ സഞ്ചിയുടെ അടിയിൽ നനവായി കാണാമായിരുന്നു. ബുക്കിലും രചനാ പുസ്തകത്തിലുമെല്ലാം എണ്ണയോ കറിയോ പടരുമായിരുന്നു... വീട്ടിലെത്തിയാൽ സഞ്ചി കഴികിയിട്ടാൽ രാവിലെ ഉണങ്ങിയാൽ ഉണങ്ങി..


അതിനു ശേഷം ഒരു ബ്രൗൺ കളറിലുള്ള പുറകെ തൂക്കുന്ന ബാഗ് വാങ്ങി തന്നു. എന്റെ അറിവിൽ അതൊരു മൂന്നു വർഷത്തോളം ഓടി. നാടാരാജിന്റെ ജോമട്രി ഒക്കെ എത്രെയോ നാൾ ഉപയോഗിച്ചു, അതിൽ ഞവര ഇലയുടെയും മണമുള്ള റബ്ബർ കട്ടയുടേയുമൊക്കെ മണമായിരുന്നു. പൊട്രാക്ടറും സ്കെയിലും ഒക്കെ അക്കങ്ങൾ എല്ലാം മാഞ്ഞു പോയാലും സൂക്ഷിപയൊഗിച്ച നമ്മളെല്ലാം, അവസാനം അച്ഛന് ഗൾഫിൽ നിന്നും കൊടുത്തുവിട്ട പെൻസിൽ മാറി മാറി കയറ്റുന്ന പെൻസിലും, ഫോറിൻ ജോമെട്രിയുമൊക്കെ കിട്ടിയെങ്കിലും ആ അപ്സരയും നാടാരാജുമൊക്കെ തന്നെ ആണ് നമ്മുടെ ഹീറോകൾ....


കോമ്പസുകളിൽ കോറിയിട്ട നമ്മുടെ പേരുകളും ലവ് ചിഹ്നങ്ങളും ഇപ്പോഴും ആ പഴയ ഡെസ്കുകളുടെ മുതുകുകളിൽ ഇന്നുമവിടെ കാണുമായിരിക്കും അല്ലേ....


അന്തകാലം നമ്മ സ്വന്തകാലം...❤️

നമ്മുടെ അയൽക്കാർ

നമ്മുടെ അയൽക്കാർ 

 എന്തരപ്പി ഇന്ന് സ്കൂളിലൊന്നും പോണില്ലേ... 


നമ്മക്കൊന്നും അന്നൊക്കെ അയിനൊള്ള പാങ്ങുകള് ഇല്ലെരുന്നു. അപ്പീളൊക്കെ പഠിച്ചു വലിയ ആപ്പീസാറമ്മാര് ആയി വലുതാവിം, പള്ളിക്കോടതിലൊക്കെ എന്നും പോണം അപ്പഴേ എല്ലാം പറയണത് പഠിക്കാൻ പറ്റൂ...


ഒരു ദിവസം സ്കൂളിൽ പോകാതെ വെളിയിൽ വച്ചുകണ്ടാലുള്ള ആദ്യ ഉപദേശം അതുപിന്നെ ശാസന ആകും പിന്നെ അതും കൂടിയാൽ വലിയ വഴക്കു പറച്ചിലാകും... 


നമ്മളിലെ ദേഷ്യക്കാരെ പുറത്തു ചാടിക്കുന്ന ആദ്യത്തെ ഇടപെടലുകൾ, കളിക്കുന്ന പണയിലോ, തെങ്ങിൽ തോപ്പിലോ കാണും ഇതുപോലുള്ള കഥാപാത്രങ്ങൾ. പക്ഷേ അത് വീണ്ടും വീണ്ടും ആകുമ്പോൾ എവിടെയോ ദേഷ്യത്തിന് ഒരു ചാട്ടം വയ്ക്കും. അതുപിന്നെ തിരിച്ചുപറയലായി വീട്ടിലറിയലായി അങ്ങനെ നീളും.


ഇന്നെല്ലാം നമ്മുടെ വീട്ടിലെ കുട്ടികളോട് ഇത്രയുമൊക്കെ സ്വാതന്ത്ര്യം കാണിക്കാൻ അടുത്തുള്ള കൂട്ടുകാർക്കോ വീട്ടുകാർക്കോ സാധിക്കുമോ? അല്ലെങ്കിൽ ആരാ ഇതിനൊക്കെ മെനക്കെടുന്നത്...


നമ്മളെ വീട്ടുകാർ മാത്രമല്ല നോക്കിയിരുന്നത് നാട്ടുകാർകൂടി അല്ലേ...


നല്ലതായാലും ചീത്തയായാലും....

പൊതിച്ചോറ്

പൊതിച്ചോറ് 

 നല്ല പൊതിച്ചോറിന്റെ മണം....


രാവിലെ എണീറ്റ് പല്ലു തേയ്ക്കും മുമ്പേ അമ്മയോട് പറഞ്ഞു... 


ഇന്നെനിക്ക് പാത്രത്തിൽ ചോറ് വേണ്ട ഇലയിൽ മതിയെന്ന്....


ചെറുക്കന് ഇത് എന്തിന്റെ വട്ടാണ്‌... ഇനീ ഇല വെട്ടി അത് വാട്ടി, നീ അങ്ങോട്ട് ചെയ്താ മതി...ഓരോരോ....


ആ ഞാൻ ചെയ്തോളാം ഇല വെട്ടാം... അമ്മാ എനിക്കും ഇലേല് മതി അനിയൻ...അവള് ചെറുതായൊണ്ട് പാത്രത്തിലെ കഴിക്കൂ...അമ്മയോട് അനിയത്തിയെ കുറിച്ചവൻ.


എന്തായാലും ഇല വെട്ടി, വാട്ടിയെടുത്തു ചോറ് വിളമ്പി അരികിൽ തേങ്ങയും മാങ്ങയും ഇട്ട മാങ്ങാ ചമ്മതിയും, ലവലോലിക്ക അച്ചാറും, ഒരു പൊരിച്ചമീനും, മുട്ട പൊരിച്ചതിന്റെ പകുതി മടക്കിയതും, ഒരു ചെറിയ ഇല മടക്കി അതില് കുറച്ചു കാബേജ് തോരനും, ഒഴിക്കാൻ അല്പം പുളിശ്ശേരിയും നിറച്ചു കെട്ടി ഒതുക്കി നല്ല മിനുസമുള്ള കലണ്ടർ പേപ്പറിൽ റബ്ബറും ഇട്ടു തന്നു.


ചോറ് കുറച്ചു കൂടുതൽ വച്ചിട്ടുണ്ട്, നിങ്ങളെല്ലാം കൂടി അല്ലെ കഴിക്കുന്നേ... ഒരു പൊരിച്ച മീനും കൂടി വയ്ക്കാം.


എന്തൊരു മണമായിരുന്നു ആ പൊതിച്ചോറിന്, എത്രപേർ പങ്കിട്ടു... എന്തൊരു വെപ്രാളമായിരുന്നു കയ്യിട്ടുവാരാൻ... 


കൊതിയോടെ വാരി വാരി കഴിക്കാൻ 🙏


എത്രെയോ നാളിന് ശേഷം ഈ ഓണത്തിന് പോയി തിരികേ വരുമ്പോൾ കൊറോണ വീണ്ടും അമ്മയെ ആ പൊതികെട്ടു കെട്ടിച്ചു, ആവേശത്തോടെ കഴിച്ചു... 


അതിനു സ്നേഹത്തിന്റെ രുചിയായിരുന്നു വാത്സല്യത്തിന്റെ മണമായിരുന്നു ❤️


ഇപ്പൊ പൊതിച്ചോറും ചട്ടി ചോറും പഴകഞ്ഞിയും ഒക്കെ 5 ഡോളറിന് ക്രൗൺ പ്ലാസയിലും, ഹയത്തിലും, മാറിയറ്റ് ലു മൊക്കെ നല്ല ഫാൻസി ആയി വിളമ്പുന്നു...എല്ലായിടത്തും പൊതിച്ചോറിനും പഴകഞ്ഞിക്കും ആരാധകർ ഏറെ.


പക്ഷേ എവിടുന്ന് കിട്ടും നമ്മൾ കഴിച്ച സ്വാദ് നമുക്ക് കിട്ടിയ ഭാഗ്യം...😘

ബ്രേക്ക് ഡാൻസ്

 ബ്രേക്ക് ഡാൻസ് 

 ഇന്ന് എന്തുപറ്റി ഇത്ര രാവിലെ തന്നെ എണീക്കാൻ...


യുവജനോൽത്സവം, ടൂർ, ക്യാമ്പ് മുതലായ കാര്യങ്ങൾക്കു അങ്ങനെ ആണെല്ലോ നേരത്തേ ഉറക്കമുണരും പിന്നെ ആലോചനകളാണ്...എന്തൊക്കെ, ആരൊക്കെ, എങ്ങനെ എന്നൊക്കെ. 

ഇന്ന് നമ്മുടെ സ്കൂളിലെ യുവജനോത്സവം, ഒരു ബ്രേക്ക് ഡാൻസ് ബ്രേക്കിൽ നമ്മളും ചെയ്യുന്നുണ്ട്. ഞാൻ, rv രതീഷ്, രതീഷ് bs , ട്രൈനിങ് ഒക്കെ നേരത്തേ നടന്നു. മുഖ്യ ട്രെയ്നർ RV ആയിരുന്നു. 

ഹലോ ഡോക്ടർ...ഉർവ്വശി...അക്വാ ഇതാണ് പാട്ടുകൾ. നേരത്തേ തന്നെ ഡ്രസ്സ് കോഡും തീരുമാനിച്ചു ബലൂൺ ബാഗി പാന്റ്‌, വെള്ള അര കൈ ബനിയൻ ഒരു ഷർട്ട് അതിന്റെ മുകളിൽ,ക്യാൻവാസ് ഉള്ളവർക്ക് അതിടാം നമുക്കാർക്കും സൈനർജിയുടെയോ, ആക്ഷന്റെയോ ഷൂസ് ഇല്ലാത്തത് കൊണ്ട് വെറും കാലിൽ മതി ഡാൻസ് എന്നാക്കി.

ഒന്നരമസമായുള്ള റിഹേഴ്സൽ ആയിരുന്നു, സ്റ്റെപ്പുകൾ പലതും മാറി...മാറ്റി. ഡാൻസ് മാസ്റ്ററിന് പുതിയ സ്റ്റെപ്പ് വേണം എപ്പൊഴും, പാടുള്ളതെല്ലാം ഞാൻ ചെയ്തോളാം അതാണ് അവന്റെ ലൈൻ നമ്മൾ സപ്പോർട്ട്  ചെയ്താൽ മതി.അങ്ങനെ ദേ ആ ദിവസം എത്തിയിരിക്കുന്നു.

അച്ഛൻ നാട്ടിലുള്ള വർഷമായിരുന്നു അത്, എങ്ങനെയോ ഈ കാര്യം അറിഞ്ഞു. അതങ്ങനെയാണ് അച്ഛന് ഞങ്ങൾ ചെയ്തതൊന്നും പലപ്പോഴും നേരില് കാണാൻ കഴിഞ്ഞിരുന്നില്ല അദ്ദേഹം അവധിക്കു വരുന്ന സമയങ്ങളിൽ ഇതൊന്നും ഉണ്ടാവണം എന്നുമില്ല, അങ്ങനെ അച്ഛനും പരിപാടി കാണാൻ വരുന്നു. ചങ്കിടിപ്പ് കൂടി, ആദ്യമായാണ് ഒരു ഡാൻസ് ചെയ്യാനായി, അതും മൂന്നു പാട്ട്.

പാട്ടുകൾ, കവിതകൾ, ഡാൻസുകൾ എല്ലാം തകൃതിയായി നടക്കുന്നു, ജഡ്ജസ് മാർക്കിടുന്നു അടുത്ത ചെസ്റ്റ് നമ്പർ വിളിക്കുന്നു. ഉച്ചക്ക് ശേഷം ബ്രേക്കിൽ ആണ് നമ്മുടെ കലാപരുപാടി. അച്ഛൻ ഒരു 2 മണിയായപ്പോൾ എത്തി, 

എപ്പോഴാണ്... ഒരു 3 മണി ആകും, നിനക്ക്‌ വിശക്കുന്നുണ്ടോ? ഇല്ല ഞാൻ ചോറുണ്ടു. 

മൂന്നുമണിയായപ്പോൾ നമ്മൾ ഡ്രസ്സ് ഒക്കെ ചെയ്ത് സ്റ്റേജിനടുത്തു എത്തി അപ്പോൾ 

അണ്ണന്മാർ..ഡേയ് നിങ്ങൾ ഇവിടെ നില്ല്, വിളിക്കമ്പം കേറി തകർത്തോണം കേട്ടാ, കാസെറ്റ് ഉണ്ടല്ലോ, കുരുങ്ങൂല്ലല്ലോ..പുതിയ അബ്‌ളിഫയർ ആണ്...

അപ്പോൾ അച്ഛൻ നടന്നു പുറകിൽ വന്ന് എന്നേ മാത്രം വിളിച്ചു, നീ ഇങ്ങോട്ടു വാ...

അച്ഛാ ഇപ്പൊ തുടങ്ങും...

നീ ഇങ്ങോട്ടു വന്നാണ്...

നമ്മുടെ ഒരുക്കുമുറിയിലേക്കു എന്നെയും കൊണ്ട് പോയി, ആ ഷെഡിൽ... പാവം ഏതോ കടയിൽ പോയി ഏത്തപ്പഴം മുറിച്ചു അതിൽ പഞ്ചസാര ഇട്ടു ഇലയിൽ പൊതിഞ്ഞു കൊണ്ട് വന്നിരിക്കുന്നു... ഞാൻ കളിക്കുമ്പോൾ ഷീണിക്കാതിരിക്കാൻ... മക്കള് തിന്ന്, അല്ലെങ്കി ഷീണം വരും. ഇപ്പോഴും ഇടക്കൊക്കെ എത്തപഴത്തിൽ പഞ്ചസാര ഇട്ടു കഴിക്കാറുണ്ട്.. പഴേ ആ ഓർമയ്ക്ക് 

എന്തായാലും ഞാൻ പെട്ടെന്ന് കഴിച്ചു, വെള്ളവും കുടിച്ചു സ്റ്റേജിലേക്ക്... അച്ഛൻ മുന്നിലേക്കും പോയി.

ഡേയ് ഒരു മണിക്കൂർ കൂടി നമ്മൾ നില്ക്കാൻ പറഞ്ഞു അതായത് 4 മണി കഴിയും മൂന്നു സെറ്റ് ഒപ്പന കൂടി ഉണ്ട്... അത് കഴിഞ്ഞുള്ള ബ്രേക്കിൽ നമ്മൾ കേറും. ഓക്കേ 

ഡാൻസ് ഇപ്പൊ വരും എന്ന് പറഞ്ഞു വാച്ചിൽ നോക്കി നിൽക്കുന്ന അച്ഛനെ എനിക്ക് ദൂരെ കാണാം. എന്തൊരു സന്തോഷമാണെന്നോ ആ മുഖത്ത്,എന്തോ ഒരു സമ്മാനവും അന്നു കിട്ടിയിരുന്നു, പിന്നെ സാറന്മാരെല്ലാം പതിവിലും വിപരീതമായി നല്ല വാക്കുകൾ പറയുകയും ചെയ്‌തു... മൊത്തത്തിൽ ഒരു അഭിമാനമുഹൂർത്തം..

മണി നാലായി... ഡേയ് ടീച്ചർ പറയുന്നത് ഏറ്റവും അവസാനം നിങ്ങൾ കേറിയ മതിയെന്നാണ്, നമ്മള് എന്തര് ചെയ്യാൻ... അല്ലെങ്കിൽ നാളെ ആയാലും നിങ്ങക്ക് കളിക്കാല്ലോ, ഇത് മത്സര ഐറ്റം ഒന്നും അല്ലല്ലോ...അണ്ണന്മാർ പറഞ്ഞു...

കൊല്ലാനുള്ള ദേഷ്യം ഉണ്ടായി ഞങ്ങൾക്ക് മൂന്നുപേർക്കും, അഞ്ചു മണി ആയത്തോടു കൂടി കാണികൾ പകുതിയായി, അപ്പോഴും അച്ഛന് ഒരു ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിപ്പുണ്ട്. 

അഞ്ചര ആയപ്പോൾ അന്നൗൺസ്‌മെന്റ്റ് വന്നൂ ഇന്നത്തെ കലാപരിപാടികൾ ഇതോട് കൂടി പര്യവസാനിച്ചിരിക്കുന്നു എന്ന്. സ്റ്റേജും പൊക്കി, ബെഞ്ചുകൾ പിടിച്ചു ഇടാനും തുടങ്ങി, അച്ഛനെ കാണുന്നില്ല. നമ്മൾ കരച്ചിലിന്റെ വക്കോളം എത്തി, റെക്കോർഡ് ചെയ്ത കാസ്സറ്റ് എന്നേ ഏല്പിച്ചു ഇപ്പൊ വരാം എന്ന് പറഞ്ഞു RV എങ്ങോട്ടോ പോയി. നോക്കിയപ്പോൾ ഏതോ ഒരണ്ണനുമായി വഴക്ക്, പിന്നെ ആരൊക്കെയോ വന്ന് പറഞ്ഞു നാളെ ഫസ്റ്റ് ബ്രേക്കിൽ നിങ്ങൾ കേറും അതുറപ്പ്, അങ്ങനെ നാളെ കളിക്കും എന്നുറപ്പായി.


വീട്ടിൽ പോയി എങ്ങനെ അച്ചന്റെ മുഖത്ത് നോക്കും, അറിയില്ല. ആ ഏത്തപ്പഴം കഴിക്കണ്ടായിരുന്നു.....


അച്ഛൻ എന്നേ കണ്ടതും പറഞ്ഞു മക്കളെ ഇതൊക്കെ ഇങ്ങനെയാണ്, നമ്മൾ വിചാരിക്കുന്നതെല്ലാം അന്നു തന്നെ നടന്നാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും വാശി ഉണ്ടാകില്ലെന്ന്... അത് നടന്നോളും സമയമാകുമ്പോൾ, അതിലേക്കു നിങ്ങൾ എത്താൻ ശ്രമിച്ചാൽ മതിയെന്ന്...


രണ്ടു പാഠങ്ങൾ ഞാൻ അന്നു പഠിച്ചു ഒന്ന് മുകളിൽ പറഞ്ഞത്, രണ്ടു അച്ചന്റെ ഷെമയും, കരുതലും, സ്നേഹവും...❤️


പിറ്റേ ദിവസം നമ്മൾ തകർത്തു... എന്തെക്കെയോ കാട്ടി കൂട്ടി... കൂവലുകൾ നമുക്കൊരു പുത്തരി അല്ലാത്തത് കൊണ്ട് കയ്യടികൾ ശ്രെദ്ധിക്കാൻ പറ്റിയില്ല....



നന്ദി നമസ്കാരം 🙏